‘പാമ്പും ചീങ്കണ്ണിയുമൊന്നും എന്റെ വീട്ടില്‍ വന്നിട്ടില്ല’ : ബാബു ആന്റണി

‘പാമ്പും ചീങ്കണ്ണിയുമൊന്നും എന്റെ വീട്ടില്‍ വന്നിട്ടില്ല’ : ബാബു ആന്റണി August 30, 2017

‘പാമ്പും ചീങ്കണ്ണിയുമൊന്നും എന്റെ വീട്ടില്‍ വന്നിട്ടില്ല’! മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടന്‍ ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍


ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നടന്‍ ബാബു ആന്റണിയുടെ നഗരത്തിലുള്ള വസതിയില്‍ പാമ്പുകളും ചീങ്കണ്ണിയും ഒഴുകിയെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു.ബാബു ആന്റണിയുടെ വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറി എന്നായിരുന്നു വാര്‍ത്ത. .

ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബാബു ആന്റണിയും കുടുംബവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയെന്നും ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളില്‍ പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയതായി അറിഞ്ഞുവെന്നുമായിരുന്നു തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ഇത് ബാബു ആന്റണിയുടെ വീട്ടിലെ സംഭവമായി തെറ്റിദ്ധരിക്കപ്പെട്ടു. തുടര്‍ന്നാണ് നടന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കും അമേരിക്കയിലെ മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ ബാബു ആന്റണി ചീങ്കണ്ണി ഒഴുകിയെത്തിയത് തന്റെ വീട്ടില്‍ അല്ലെന്ന് പറയുന്നു. എന്റെ വീടിന്റെ വാര്‍ത്ത കണ്ട് പലരും വിളിച്ചു. എന്റെ വീട്ടിലല്ല ആ സംഭവം. ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ്. പക്ഷെ ഇപ്പോള്‍ അതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം. ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവം അനുഗ്രഹിക്കട്ടെ- ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

75 സെന്റിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൂസ്റ്റണില്‍ പെയ്തത്. മൂന്ന് ദിവസമായി മഴ തുടരുകയാണ്. ഈ പ്രദേശത്ത് ഒരു വര്‍ഷം ആകെ ലഭിക്കുന്ന മഴയുടെ അളവാണിത്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു. ചുഴലിക്കാറ്റിന തുടര്‍ന്ന് ആയിരക്കണക്കിന് വീടുകള്‍ നശിച്ച് പോയതിനാല്‍ 5000ത്തില്‍ അധികം പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്. എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

Loading...