മദ്യപിച്ച് വാഹനമോടിച്ചതിനു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റനും ലോകപ്രശസ്ത ഫുട്‌ബോള്‍ താരവുമായ വെയ്ന്‍ റൂണിയെ പൊലീസ് അറസ്റ്റുചെയ്തു

മദ്യപിച്ച് വാഹനമോടിച്ചതിനു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റനും ലോകപ്രശസ്ത ഫുട്‌ബോള്‍ താരവുമായ വെയ്ന്‍ റൂണിയെ പൊലീസ്  അറസ്റ്റുചെയ്തു September 2, 2017

അമിതമായി മദ്യപിച്ച് അപകടകരമായ രീതിയില്‍ കാറോടിച്ചതിന് മുന്‍ ഇംഗ്ലണ്ട് ടീം ക്യാപ്റ്റനും ലോകപ്രശസ്ത ഫുട്‌ബോള്‍ താരവുമായ വെയ്ന്‍ റൂണിയെ പോലീസ് അറസ്റ്റുചെയ്തു. ചെഷൈറിലെ വീടിനു സമീപത്തുനിന്നാണ് റൂണി അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിപ്പാര്‍ട്ടിക്കു പോയിരുന്ന റൂണിയെ തിരികെ വീട്ടിലേക്ക് വരുന്ന വഴിയില്‍ തടഞ്ഞുനിര്‍ത്തി പോലീസ് പരിശോധിക്കുകയായിരുന്നു. അനുവദനീയമായതിലും ഏറെ മദ്യം അകത്താക്കിയിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഇംഗ്ലണ്ടിനുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന ബഹുമതിയുടെ ഉടമയാണ് വെയ്ന്‍ റൂണി. മാഞ്ചെസ്റ്ററില്‍ നിന്നും പിരിഞ്ഞശേഷം മുന്‍കാല ക്ലബ്ബായ എവര്‍ട്ടണുമായി ഈ വേനല്‍ക്കാലത്ത് റൂണി പുതിയ കരാര്‍ ഒപ്പിട്ടിരുന്നു.

കഴിഞ്ഞ 12 വര്‍ഷമായി ചെഷൈറിലാണ് താരത്തിന്റെ താമസം. ഇവിടെ പ്രെസ്റ്റ്ബറിയിലുള്ള 6 മില്യണോളം വിലവരുന്ന ബംഗ്ലാവില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കഴിയുന്നു. ഇതിനുമുമ്പും അപകടകരമായ രീതിയില്‍ കാര്‍ ഡ്രൈവുചെയ്തതിന് താരത്തിനെതിരെ നടപടികളുണ്ടായിട്ടുണ്ട്. എന്നാല്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലാകുന്നത് ഇതാദ്യമായാണ്.

റൂണിയുടെ സ്വകാര്യജീവിതം മദ്യപാനവും രാത്രികാല പാര്‍ട്ടികളുമായി സമീപകാലത്ത് കുത്തഴിഞ്ഞതായി മാറിയതായി ചില ടാബ്ലോയ്ഡുകളില്‍ വന്ന വാര്‍ത്തയെ ശരിവയ്ക്കുന്നതുകൂടിയാകും ഇപ്പോഴത്തെ അറസ്റ്റ്.

Loading...