പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കടലില്‍ ചാടി; ഒടുവില്‍ സ്രാവിന്റെ വായില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തി

പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കടലില്‍ ചാടി; ഒടുവില്‍ സ്രാവിന്റെ വായില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തി September 2, 2017

ന്യൂയോര്‍ക്ക്: പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ കടലില്‍ ചാടിയ യുവാവിനെ ഒടുവില്‍ സ്രാവിന്റെ വായില്‍നിന്ന് രക്ഷിച്ചത് അതേ പോലീസ്. ട്രാഫിക് പോലീസിന്റെ പരിശോധനകളില്‍നിന്ന് രക്ഷപ്പെടാനാണ് ഈ അമേരിക്കന്‍ യുവാവ് കടലിലേയ്ക്ക് എടുത്തു ചാടി സ്രാവിന്റെ വായിലേയ്ക്ക് നീന്തിച്ചെന്നത്.
നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയില്‍ ബുധനാഴ്ചയാണ് പോലീസിനെ വട്ടംകറക്കി, യുവാവിന്റെ സാഹസിക പ്രകടനം അരങ്ങേറിയത്. 20കാരനായ സക്കറി കിങ്‌സ്ബറിയാണ് പോലീസിന്റെ പരിശോധനയ്ക്കിടയില്‍ കടലില്‍ ചാടിയത്.

പരിശോധനയ്ക്കിടെ കാറില്‍ കള്ളക്കടത്ത് സാമഗ്രികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനോട് കാറില്‍നിന്ന് ഇറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ കാറില്‍നിന്ന് ഇറങ്ങി ബീച്ചിലേയ്ക്ക് ഓടി. പിന്നാലെ ഓടിയ പോലീസിനെ ഞെട്ടിച്ചുകൊണ്ട് ഇയാള്‍ കടലിലേയ്ക്ക് എടുത്തു ചാടുകയും നീന്തി മറയുകയും ചെയ്തു.
കിങ്‌സ്ബറിയെ കണ്ടെത്താന്‍ പോലീസ് ഡ്രോണിന്റെ സഹായം തേടി. കാമറ ഘടിപ്പിച്ച ഡ്രോണ്‍ കടലില്‍ ചുറ്റിസഞ്ചരിച്ച് ഒടുവില്‍ ഇയാളെ കണ്ടെത്തി. കരയിലിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന പോലീസ് ഞെട്ടിപ്പോയി. നടുക്കടലില്‍ നീന്തുന്ന കിങ്‌സ്ബറിയ്ക്ക് സമീപത്തേയ്ക്ക് അടുക്കുന്നു ഒരു സ്രാവ്!
ഉടന്‍തന്നെ പോലീസ് ‘രക്ഷാപ്രവര്‍ത്തനം’ തുടങ്ങി. ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ സഹായത്തോടെ നടുക്കടലിലേയ്ക്ക് കുതിച്ച പോലീസ് സ്രാവിന്റെ വായില്‍നിന്ന് കിങ്‌സ്ബറിയെ രക്ഷപ്പെടുത്തി, അറസ്റ്റ് ചെയ്തു.

പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ കിങ്‌സ്ബറി ഒരു മണിക്കൂറോളമാണ് കടലില്‍ നീന്തിയത്. അപ്പോഴേയ്ക്കും കരയില്‍നിന്ന് നാലായിരം അടിയിലധികം ദൂരം ഇയാള്‍ സഞ്ചരിച്ചിരുന്നു. ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് വ്യക്തമാക്കി.

Loading...