സച്ചിന്റെ വാക്കു കേട്ടിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നു !

സച്ചിന്റെ വാക്കു കേട്ടിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നു ! September 30, 2017

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ അതിനായി ഒരു പ്രദേശം തിരഞ്ഞെടുക്കുകയോ ചെയ്യാത്തതിന്റെയും പാർലമെന്റ് സമ്മേളനങ്ങളില്‍ ഹാജരാകാത്തതിന്റെയും പേരില്‍ ഒരുപാട് പഴി കേട്ട ആളാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

എന്നാല്‍, ക്രിക്കറ്റ് താരം എന്ന നിലയിലല്ല, പാര്‍ലമെന്റംഗം എന്ന നിലയില്‍ ഒരു വർഷം മുൻപ് സച്ചിന്‍ നല്‍കിയ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുത്തിരുന്നങ്കില്‍ ഒഴിവാക്കാമായിരുന്നതായിരുന്നു കഴിഞ്ഞ ദിവസം മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് റെയില്‍വെ സ്‌റ്റേഷനിലുണ്ടായ വന്‍ ദുരന്തം. സ്‌റ്റേഷന്റെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേരാണ് മരിച്ചത്.

ഇത്രയും തിരക്കേറിയ ഒരു റെയില്‍വെ സ്‌റ്റേഷനില്‍ വീതികുറഞ്ഞ ഒരു മേല്‍പ്പാലം മാത്രമുള്ളതിന്റെ പ്രശ്‌നം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സച്ചിന്‍ അന്നത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍ പെടുത്തിരുന്നു.

തിരക്കേറിയ സമയങ്ങളില്‍ ഉപയോഗിക്കാനായി എല്‍ഫിന്‍സ്റ്റണ്‍ റോഡ്, കാന്‍ഡിവാലി, ഖാര്‍ റോഡ്, വിരാര്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ കൂടുതല്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാമെന്ന് റെയില്‍വെ മന്ത്രി അന്ന് സച്ചിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

ശിവസേന എം.പി അരവിന്ദ് സാവന്തിന്റെ അഭ്യര്‍ഥന കൂടി പരിഗണിച്ച് മന്ത്രി എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്‌റ്റേഷനിലെ യാത്രക്കാരുടെ സൗകര്യത്തിനുവേണ്ടി മാത്രം 11.86 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഒരു വര്‍ഷത്തിനുശേഷവും ഇതില്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. തിരക്കുള്ള സമയങ്ങളിലും ആളുകള്‍ വീതികുറഞ്ഞ മേല്‍പ്പാലത്തില്‍ ജനങ്ങള്‍ തിക്കിത്തിരക്കി തന്നെ വന്നും പോയുമിരുന്നു. ഇതാണ് ഇപ്പോള്‍ വലിയൊരു ദുരന്തത്തില്‍ കലാശിച്ചത്.

വെള്ളിയാഴ്ച കാലത്ത് കനത്ത മഴയെ തുടര്‍ന്നാണ് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ തിങ്ങിനിറഞ്ഞു നിന്നത്. ഇതില്‍ ഒരാള്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്നാണ് പിന്നീട് വന്‍ തിക്കും തിരക്കുമുണ്ടായതും അപകടത്തിൽ ഇരുപത്തിരണ്ട് പേർ മരിക്കുകയും ചെയ്തത്.

Loading...