ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു; പിന്നില്‍ ‘പ്രൊഫഷണല്‍ കില്ലര്‍’ ആകാമെന്ന് പൊലീസ്

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു; പിന്നില്‍ ‘പ്രൊഫഷണല്‍ കില്ലര്‍’ ആകാമെന്ന് പൊലീസ് September 6, 2017

അന്വേഷണം സംഘപരിവാര്‍ സംഘടനകളെ കേന്ദ്രീകരിച്ച്


പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാടക പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി തന്നെ ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. വെടിയുതിര്‍ത്ത പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചുവെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നു. അന്വേഷണ സംഘം ഉടന്‍ മംഗളൂരുവിലേക്ക് പോകും.

ഇവരുടെ വീടിന് സമീപത്തുളള വീടുകളിലേയും കെട്ടിടങ്ങളിലേയും ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീഡിയോ പരിശോധിക്കുന്നതിന് പൊലീസ് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.കൊലപാതകത്തിന് പിന്നില്‍ രണ്ടിലേറെ ആളുകള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പരിവാര്‍ ബന്ധമുളള സംഘടനകള്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യം നടത്തിയത് പ്രൊഫഷണല്‍ കില്ലര്‍ ആകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഗൗരിയുടെ മൃതദേഹം വിക്ടോറിയ ആസ്പത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗങ്ങളിലുള്ളവര്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. പലയിടത്തും മാധ്യമപ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെ കൊലയുമായി പ്രകടമായ സാമ്യമുണ്ട് ഗൗരിയുടെ കൊലപാതകത്തിനെന്ന് കര്‍ണാടക നിയമമന്ത്രി ടി.ബി ജയചന്ദ്ര പറഞ്ഞു. ധാര്‍വാഡിലെ വീട്ടുപടിക്കല്‍ വെച്ചാണ് അദ്ദേഹവും വെടിയേറ്റു മരിച്ചത്. അക്രമികള്‍ വന്നത് രണ്ട് ബൈക്കുകളിലായിരുന്നു. വാതിലില്‍ മുട്ടിയ ശേഷം അദ്ദേഹം വാതില്‍ തുറന്നപ്പോള്‍ തൊട്ടടുത്തു നിന്നും രണ്ടു തവണ വെടിവെക്കുകയായിരുന്നു. കേസ് ഇതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ഗൗരി ലങ്കേഷ് കാറില്‍ നിന്നും ഇറങ്ങി ഗേറ്റ് തുറക്കുമ്പോഴാണ് അക്രമികള്‍ വെടിവെച്ചത്. പടക്കം പൊട്ടുന്ന ശബ്ദമാണെന്ന് കരുതി അയല്‍വാസികള്‍ ആദ്യം ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. വെടിയൊച്ചക്കൊപ്പം ഇരുചക്രവാഹനം ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായും അയല്‍വാസികള്‍ പറഞ്ഞു.

കാര്‍ പോര്‍ച്ചില്‍ വെടിയേറ്റു വീണു കിടക്കുന്ന നിലയിലായിരുന്നു ഗൗരി. അക്രമികള്‍ ഏഴുതവണ വെടിവെച്ചു. ശരീരത്തിലേറ്റ മൂന്ന് വെടിയുണ്ടകളില്‍ ഒന്ന് നെറ്റിയിലാണ്, രണ്ടെണ്ണം നെഞ്ചിലും. തൊട്ടടുത്തു നിന്നാണ് ഇവര്‍ക്ക് വെടിയേറ്റത്. വാടകക്കൊലയാളികളാവാം കൃത്യം നിര്‍വഹിച്ചത് എന്ന് ബെംഗലുരു പോലീസ് കമ്മീഷണര്‍ ടി സുനീല്‍ കുമാര്‍ പറഞ്ഞു.

2005ല്‍ ആരംഭിച്ച ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷാണ് ഗൗരിയുടെ അച്ഛന്‍. ആഴ്ച്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര്‍ ചേര്‍ന്നാണ് ‘ജിഎല്‍പി’ മുന്നോട്ട് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്‌ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി.

ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗങ്ങളിലുള്ളവര്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. പലയിടത്തും മാധ്യമപ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.

Loading...