പാകിസ്താന്റെ ആഭ്യന്തര കാര്യത്തില്‍ ഇന്ത്യ കൈകടത്തുന്നുവെന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു

പാകിസ്താന്റെ ആഭ്യന്തര കാര്യത്തില്‍ ഇന്ത്യ കൈകടത്തുന്നുവെന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു December 31, 2016

കറാച്ചി: പാകിസ്താന്റെ ആഭ്യന്തര കാര്യത്തില്‍ ഇന്ത്യ കൈകടത്തുന്നുവെന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. പാകിസ്താന്റെ യു എന്‍ പ്രതിനിധി മലീഹ ലോധി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ ജനുവരി 2ന് സന്ദര്‍ശിച്ച് പരാതി നല്‍കും.

ഇന്ത്യയുടെ അന്തര്‍വാഹിനി പാകിസ്താന്റെ സമുദ്രാതിര്‍ത്തി ഭേദിച്ചുവെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ പരാതിയോടൊപ്പം സമര്‍പ്പിക്കും. ഇന്ത്യന്‍ചാരനായി പാകിസ്താന്‍ മുദ്രകുത്തിയ നേവി ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷണ്‍ യാദവിനെ കുറിച്ചുള്ള വിവരങ്ങളും ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറുന്ന രേഖകളില്‍പ്പെടുന്നു.

2015 ഒക്ടോബറിലും ഇന്ത്യയ്‌ക്കെതിരെ ലോധി അന്നത്തെ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് പരാതി നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനും കറാച്ചിയും അതിര്‍ത്തി പങ്കിടുന്ന ബലൂച്ചിസ്താനിലെ ഗ്രാമീണ മേഖലയില്‍ ഇന്ത്യ കൈകടത്തുന്നു എന്ന ആരോപണമാണ് അന്ന് ഉന്നയിച്ചത്. എന്നാല്‍ പരാതിക്ക് വേണ്ടത്ര സ്വീകാര്യത അന്ന് ലഭിച്ചില്ല.

റോ ഏജന്റാണെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് യാദവിനെ ബലൂച്ചിസ്താനില്‍ വെച്ച് പാകിസ്താൻ സൈന്യം പിടികൂടുന്നത്. ഇന്ത്യ ബലൂച്ചിസ്താനില്‍ ഇടപെടുന്നതിനുള്ള തെളിവാണിതെന്നാണ് പാകിസ്താൻ അന്ന് വാദിച്ചത്. മാത്രമല്ല ഇന്ത്യ പാകിസ്താനിൽ തീവ്രവാദം വളര്‍ത്തുന്നു എന്ന ആരോപണവും പാകിസ്താൻ സൈന്യം അന്ന് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കുന്നതില്‍ പാകിസ്താൻ പരാജയപ്പെടുകയും ചെയ്തു.

യാദവ് ഇന്ത്യന്‍ ചാരനാണെന്ന് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന് അടുത്തിടെ പാകിസ്താന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അവശ്യം  വേണ്ട തെളിവുകള്‍ അടക്കമാണ് പരാതി യു എന്നില്‍ സമര്‍പ്പിക്കുന്നതെന്നാണ് പുതിയ വിവരം. ഇതോടൊപ്പം തന്നെ ഇന്ത്യ പാകിസ്താനിൽ തീവ്രവാദം വളര്‍ത്തുന്നു എന്ന തെളിയിക്കുന്ന തെളിവുകള്‍ പാകിസ്താന്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Loading...