റഷ്യ-യുഎസ് തര്‍ക്കത്തിനിടെ പുതിനെ പുകഴ്ത്തി ട്രംപ്

റഷ്യ-യുഎസ് തര്‍ക്കത്തിനിടെ പുതിനെ പുകഴ്ത്തി ട്രംപ് December 31, 2016

വാഷിംഗ്ടണ്‍: റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയതിന് പിന്നാലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുതിനെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്.

പുതിന്റെ തീരുമാനത്തെ പുകഴ്ത്തിയ ഡൊണാള്‍ഡ് ട്രംപ് പുതിന്റേത് മികച്ച നയതന്ത്ര നീക്കമാണെന്ന് ട്വിറ്ററില്‍ കുറിച്ചു.

സുഹൃത്തായ ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുംവരെ കാത്തിരിക്കണമെന്ന്  വ്യക്തമാക്കിയായിരുന്നു പുതിന്റെ നടപടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ രഹസ്യമായി ഇടപെട്ടുവെന്ന് ആരോപിച്ചാണ് 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയത്.

അമേരിക്കന്‍ നടപടിക്ക് തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി റഷ്യന്‍ വിദേശകാര്യമന്ത്രാലയം 35 യുസ് പ്രതിനിധികളെ രാജ്യത്ത് നിന്നും പുറത്താക്കാന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുതിനോട് ആവശ്യപ്പെടുകയായിരുന്നു.

മോസ്‌കോയിലെ യുഎസ് എംബസിയില്‍ നിന്ന് 31 പേരെയും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് നാല് പേരെയും പുറത്താക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ ശുപാര്‍ശ തള്ളിയ വ്‌ലാദമിര്‍ പുതിന്‍ തിരക്കിട്ട് പ്രതികാര നടപടികള്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്നു. സുഹൃത്തായ ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുംവരെ കാത്തിരിക്കാമെന്നായിരുന്നു പുതിന്റെ മറുപടി.

പുതിന്റെ തീരുമാനത്തെ അഭിനന്ദിച്ച ഡൊണാള്‍ഡ് ട്രംപ് പുതിന്‍ മികച്ച നേതാവാണെന്നും ട്വിറ്ററില്‍ കുറിച്ചു.

വെബ്‌സൈറ്റുകളും ഇമെയിലുകളും ഹാക്ക് ചെയ്ത് അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ റഷ്യ ചോര്‍ത്തിയെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയും നിലവിലെ അമേരിക്കന്‍ ഭരണ നേതൃത്വവും. എന്നാല്‍ ആരോപണം നിഷേധിക്കുകയാണ് റഷ്യ.

Loading...