മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിനായി ഫണ്ട് മാറ്റിയതിനെ കുറിച്ച് അറിയില്ലെന്ന് റവന്യൂ മന്ത്രി

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിനായി ഫണ്ട് മാറ്റിയതിനെ കുറിച്ച് അറിയില്ലെന്ന് റവന്യൂ മന്ത്രി January 10, 2018

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിനായി ഫണ്ട് മാറ്റിയതിനെ കുറിച്ച് അറിയില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവില്‍ സര്‍ക്കാര്‍ എന്ന് ഉദ്ദേശിച്ചത് ആരെയെന്ന് അറിയില്ല. ഉത്തരവിറക്കിയത് എങ്ങനെ എന്നതിലാണ് വിശദീകരണം തേടിയത്.

അതേസമയം ആകാശയാത്രവിവാദത്തില്‍ വിശദീകരണം ചോദിച്ചതായി അറിയില്ലെന്നാണ് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍ പറഞ്ഞത് . ക്ഷുഭിതനായാണ് അദ്ദേഹം സംസാരിച്ചത്. നയപരമായ തീരുമാനമല്ല. വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും. മുഖ്യമന്ത്രി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വക മാറ്റി പണം അനുവദിച്ച് ഉത്തരവിറക്കിയ റവന്യൂസെക്രട്ടറി പി.എച്ച് കുര്യനോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരണം തേടിയിരുന്നു. റവന്യൂമന്ത്രി അറിയാതെയാണ് കുര്യന്‍ പണം അനുവദിക്കാന്‍ ഉത്തരവിട്ടത്.

ഇതിന്റെ ഭാഗമായി ഇന്ന് തന്നെ വിശദീകരണം നല്‍കാന്‍ മന്ത്രി റവന്യു സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയതില്‍ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഇടുക്കിയിലെ കൈയേറ്റ വിഷയത്തിലും കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തിലും ചെമ്പനോട വില്ലേജ് ഓഫീസ് വിഷയത്തില്‍ അടക്കം റവന്യു സെക്രട്ടറിക്കെതിരെ സിപിഐ രംഗത്തുവന്നിരുന്നു. താന്‍ അറിയാതെ തീരുമാനങ്ങളെക്കുന്നതിലുള്ള വിയോജിപ്പ് പല ഘട്ടത്തിലും റവന്യൂ മന്ത്രി റവന്യൂ സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി തന്നെ അറിയിച്ചു.

അതിന്റെ തുടര്‍ച്ചയായാണ് ഹെലികോപ്ടര്‍ വിവാദത്തിലും കുര്യനെതിരെ നീങ്ങി അദ്ദേഹത്തെ റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ സിപിഐ നീക്കം നടത്തുന്നത്.

Loading...