ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കൊഹ്‌ലിക്ക് തിരിച്ചടി; ഹാര്‍ദ്ദിക്കിന് നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കൊഹ്‌ലിക്ക് തിരിച്ചടി; ഹാര്‍ദ്ദിക്കിന് നേട്ടം January 10, 2018

ദുബൈ: ഇന്ത്യക്കെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍മാര്‍ക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കൊഹ്‌ലി റാങ്കിങ്ങില്‍ പിന്നോട്ട് പോയപ്പോള്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ നേട്ടം കൊയ്തു.

ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ കാഗിസോ റബാദെ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളി ഒന്നാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡര്‍ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ നിന്ന് മാത്രം 67 പോയിന്റാണ് ഫിലാന്‍ഡര്‍ നേടിയത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ്. അശ്വിന്‍ നാലാമതും ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹസല്‍വുഡ് അഞ്ചാം റാങ്കിലുമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി മികച്ച ബൗളിങ് പുറത്തെടുന്ന ഭുവനേശ്വര്‍ കുമാര്‍ 22ാം റാങ്കിലെത്തി. കരിയറിലെ മികച്ച റാങ്കിങ്ങാണ് ഭുവനേശ്വറിന്റേത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയ യുവഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ റാങ്കിങ്ങില്‍ വന്‍കുതിപ്പാണ് നടത്തിയത്. റാങ്കിങ്ങില്‍ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പാണ്ഡ്യ 49ാം സ്ഥാനത്തെത്തി.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കൊഹ്‌ലി രണ്ടാം റാങ്കില്‍ നിന്ന് മൂന്നിലേക്ക് വീണപ്പോള്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് രണ്ടാമതെത്തി. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാമത്. ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം താഴെപ്പോയി അഞ്ചിലേക്ക് വീണു.

അതേസമയം ടീം റാങ്കിങ്ങിലും ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും ആദ്യ സ്ഥാനങ്ങളില്‍ മാറ്റമില്ല. ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതും തന്നെയാണ്. ഓള്‍റൗണ്ടര്‍മാരില്‍ ഷക്കീബുല്‍ ഹസ്സന്‍ തന്നെയാണ് ഒന്നാമത്. ജഡേജ രണ്ടും അശ്വിന്‍ മൂന്നും റാങ്കിലുണ്ട്.

Loading...