കേപ്ടൗണ്‍: ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മോണേ മോര്‍ക്കലിനെ കൈപ്പിടിയിലൊതുക്കിയ സാഹ സ്വന്തമാക്കിയത് റെക്കോര്‍ഡ് കൂടിയായിരുന്നു. ഒരു ടെസ്റ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് സാഹ കരസ്ഥമാക്കിയത്.
മുന്‍ നായകന് എം.എസ് ധോണിയുടെ ഒമ്പത് പുറത്താക്കലിന്റെ റെക്കോര്‍ഡുകളാണ് സാഹ ഇതോടെ മറികടന്നത്. രണ്ട് ഇന്നിംഗ്സിലുമായി പത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയാണ് സാഹ പുറത്താക്കിയത്. 2014 ല്‍ മെല്‍ബണില്‍ ഓസീസിനെതിരെയായിരുന്നു ധോണിയുടെ റെക്കോര്‍ഡ് പ്രകടനം.
സാഹയുടെ പുറത്താക്കലുകളെല്ലാം ക്യാച്ചായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. പത്തില്‍ ഏറ്റവും ശ്രദ്ധേയമായത് അശ്വിന്റെ പന്തില്‍ റബാഡയെ പുറത്താക്കാന്‍ എടുത്ത ക്യാച്ചായിരുന്നു.
സാഹയുടെ പ്രകടനം ക്രിക്കറ്റില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെതാണ്. മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍ ഇംഗ്ലണ്ടിന്റെ ബോബ് ടെയ്ലര്, ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ്. ഒന്നാം സ്ഥാനത്തുളള ഇംഗ്ലണ്ടിന്റെ ജാക്ക് റസ്സലും ദക്ഷിണാഫ്രിക്കയുടെ ഡിവില്യേഴ്സും 11 പേരെ പുറത്താക്കിയിട്ടുണ്ട്.
2010 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ സാഹ ഇതുവരെ 32 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 85 പേരെ പുറത്താക്കിയിട്ടുണ്ട്. ഇതില്‍ 75 ക്യാച്ചും 10 സ്റ്റമ്പിംഗും ഉള്‍പ്പെടും.