പാർവ്വതി ചെയ്തതൊന്നും സ്ത്രീവിരുദ്ധമല്ലേ.. പാർവ്വതിയോട് പത്ത് ചോദ്യങ്ങളുമായി വിവരാവകാശ പ്രവർത്തകൻ

പാർവ്വതി ചെയ്തതൊന്നും സ്ത്രീവിരുദ്ധമല്ലേ.. പാർവ്വതിയോട് പത്ത് ചോദ്യങ്ങളുമായി വിവരാവകാശ പ്രവർത്തകൻ December 30, 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിമന്‍ ഇന്‍ കളക്ടീവിന് എതിരെയും ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെയും കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ യുവതികള്‍ക്കെതിരെയും കോടതി കയറിയ വിവരാവകാശ പ്രവര്‍ത്തകനാണ് പായ്ച്ചിറ നവാസ്.

ഏറ്റവും ഒടുവിലായി നടി പാര്‍വ്വതിയെ അസഭ്യം പറഞ്ഞ പ്രിന്റോയ്ക്ക് നിയമസഹായം വാഗ്ദാനം ചെയ്തും നവാസ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പാര്‍വ്വതിയെ അപമാനിച്ചും പായ്ച്ചിറ നവാസ് രംഗത്ത് വന്നിരിക്കുന്നു. പാര്‍വ്വതിയോട് പത്ത് ചോദ്യങ്ങള്‍ എന്ന പേരിലാണ് ഫാന്‍സ് ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത അതേ ചോദ്യങ്ങളുമായി നവാസിന്റെയും രംഗപ്രവേശം.

സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവത്ക്കരിക്കപ്പെടുന്നതിനെ കുറിച്ച് പാര്‍വ്വതി പറഞ്ഞതിനെ വളച്ചൊടിച്ച് വളരെ എളുപ്പത്തിലാണ് ചിലര്‍ അത് മമ്മൂട്ടിക്കെതിരെ എന്നാക്കിയത്. പാര്‍വ്വതിയുടെ വിമര്‍ശനത്തിന് മറുപടിയെന്നോണം ഫാന്‍സ് ഉന്നയിക്കുന്നതില്‍ പലതും അര്‍ത്ഥ ശൂന്യങ്ങളായ ചോദ്യങ്ങളുമാണ്.

പാര്‍വ്വതി സിനിമയില്‍ ലിപ് ലോക് ചെയ്തതും അര്‍ധനഗ്നയായി അഭിനയിച്ചതും സ്ത്രീവിരുദ്ധതയല്ലേ എന്ന തരത്തിലാണ് മണ്ടത്തരങ്ങളുടെ പോക്ക്.

യഥാര്‍ത്ഥത്തില്‍ ഫെമിനിസം എന്താണെന്നോ സ്ത്രീ വിരുദ്ധത എന്താ ണന്നോ അറിയാത്തവരാണ് ഈ തെറിവിളിക്കൂട്ടങ്ങള്‍ എന്നതാണ് സത്യം. തെറിയും അശ്ലീലവും അടങ്ങുന്ന സൈബര്‍ ആക്രമണം വിമര്‍ശനത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നതും ഇക്കൂട്ടര്‍ക്ക് അറിവുണ്ടാകാന്‍ സാധ്യതയില്ല

. ഫാന്‍സ് പലരുടേയും പോസ്റ്റുകള്‍ക്ക് താഴെ കൊണ്ടുപോയി പേസ്റ്റ് ചെയ്യുന്ന സ്ഥിരം കമന്റുകള്‍ സമാഹരിച്ചതിന് തുല്യമാണ് പായ്ച്ചിറ നവാസിന്റെ പത്ത് ചോദ്യങ്ങള്‍.

നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം തന്നെ പാര്‍വ്വതിയെ അപമാനിക്കുന്ന തരത്തിലാണ്. അതിങ്ങനെയാണ്: ചില കാര്യങ്ങൾ പറയാതെ വയ്യ. ഞങ്ങൾക്കും പറയാനുണ്ട്. ജൂനിയർ പാർവ്വതി അത്ര വിശുദ്ധയല്ല.

ഇത് പാർവ്വതി തന്നെ തുറന്ന് സമ്മതിക്കുന്നു. പാർവ്വതിയുടെ ജീവിതവും, തുറന്ന് പറച്ചിലുകളും തന്നെ വ്യക്തമാക്കുന്നത് പാർവ്വതി നിസ്സാരക്കാരിയെല്ലെന്നാണ് എന്നാണ് ഫേസ്ബുക്ക് കുറിപ്പിന്റെ തുടക്കം.

ഒരു പ്രമുഖ നടനും, പത്മശ്രീ അവാർഡ് ജേതാവുമായ മമ്മൂട്ടിയെയും, അദ്ദേഹത്തിന്റെ സിനിമയേയും അനാവശ്യമായി വിമർശിച്ച് വാർത്തകളിൽ ഇടം നേടുകയും, പൊതുജനങ്ങൾ സാധാരണയെന്ന പോലെ തിരിച്ച് സ്വാഭാവിക-വിമർശനങ്ങൾ നടത്തുമ്പോൾ അത് സ്വീകരിക്കാനും, അങ്ങനെ തന്നെ മുപടി നൽകാനും തയാറാകാതെ പരാതിയുമായി രംഗത്തിറങ്ങി മലയാളി സമൂഹത്തിന്റെ ശാപത്തിനും, അതിനേക്കാളുപരി വീണ്ടും അവഹേളനങ്ങളും ഏറ്റുവാങ്ങി 2017 അവസാന ദുരന്തമായി മാറിയ കുട്ടി പാർവ്വതിയോട് പത്ത് ചോദ്യങ്ങൾ.

ആ പത്ത് ചോദ്യങ്ങൾ ഇവയാണ്. പാർവ്വതി, താങ്കളെ കൊച്ചിയിലെ നടിയെ പീഡിപ്പിച്ചത്പോലെ, ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് മൃഗീയമായി പീഡിപ്പിച്ചിട്ടില്ലേ.? ഇത് താങ്കൾ തന്നെ പൊതു സമൂഹത്തിന് മുന്നിൽ വർഷങ്ങൾ കഴിഞ്ഞ് തുറന്ന് പറഞ്ഞില്ലേ.?

എന്ത് കൊണ്ട് താങ്കളെ ക്രൂരമായി പീഡിപ്പിച്ചവർക്കെതിരെ പരാതി കൊടുത്തില്ല? അന്ന് താങ്കളുടെ സ്ത്രീത്വത്തിൽ വലിയഅഭിമാനം തോന്നിയത് കൊണ്ടാണൊ ? അതൊ ലക്ഷങ്ങളുടെ നോട്ട് കെട്ടിനു മുമ്പിൽ സ്ത്രീതത്വം മറന്ന് പോയോ? എന്നതാണ് ഒന്നാമത്തെ ചോദ്യം.

സൈബർ ആക്രമണം വ്യക്തിഹത്യയിലേക്ക് അടക്കം കടന്നതോടെ പാർവ്വതി പോലീസിന് പരാതി നൽകുകയുണ്ടായി. രണ്ട് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ ഫാൻസ് എന്ന് പറയുന്നവർ ചോദിച്ച് തുടങ്ങിയ ഒരു ചോദ്യമാണിത്. തൊഴിലിടത്ത് ഇത്തരം പീഡനങ്ങൾ അതിജീവിച്ച് മുന്നോട്ട് വന്നവർ ഉയർത്തുന്ന ചോദ്യങ്ങളോട്, പണ്ട് എന്തേ പ്രതികരിച്ചില്ല എന്ന മറുചോദ്യമല്ല ഒരിക്കലും ഉത്തരം.

നോട്ട് ബുക്കിനെക്കുറിച്ച് വിമർശനം

നടിയായ താങ്കൾ ഫിലിം ഫെസ്റ്റിവെല്ലിൽ അനവസരത്തിൽ, ഒരുപാട് പേരുടെ സ്വപ്നസാക്ഷാൽക്കാരവും, ജീവിത ഉപാധിയുമായ ഒരു സിനിമയെ വിമർശിച്ചത് ശരിയാണൊ എന്നതാണ് അടുത്ത ചോദ്യം. ഒരുപാട് പേരുടെ സ്വപ്നസാക്ഷാൽക്കാരവും, ജീവിത ഉപാധിയുമായത് കൊണ്ട് സിനിമയെ വിമർശിക്കരുത് എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല.

താങ്കൾ അഭിനയിച്ച നോട്ട് ബുക്കിൽ സത്രീത്വത്തെ അവഹേളിക്കുന്ന, പെൺകുട്ടികളെ വഴിതെറ്റിക്കുന്ന, പുരുഷൻമാർക്ക് കാമ – സംതൃപ്തി നൽകുന്ന ഒന്നുമില്ലായിരുന്നോ എന്നും നവാസ് ചോദിക്കുന്നുണ്ട്.

സെക്സ് സ്ത്രീവിരുദ്ധമാണോ

മെൻസസിനെക്കുറിച്ചും വിസ്പറിനെക്കുറിച്ചും, ഗർഭിണിയാകാതെ സെക്സ് ചെയ്യുന്നതിനെ കുറിച്ചും, നിരോധിനെക്കുറിച്ചും പച്ചയ്ക്ക് പറഞ്ഞപ്പോൾ താങ്കളുടെ സ്ത്രീതത്വം ഉറങ്ങിപ്പോയോ? അതൊ അത് ബോധപർവ്വമോ എന്ന് നവാസ് കൂട്ടിച്ചേർക്കുന്നു.

ആർത്തവത്തെക്കുറിച്ചും ലൈംഗികതയേക്കുറിച്ചുമെല്ലാം സംസാരിക്കുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് കരുതുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. ഫാൻസിന് എന്ന പോലെ നവാസിനും സ്ത്രീ വിരുദ്ധത എന്താണെന്നോ സെക്സ് എന്താണെന്നോ മനസ്സിലാകാൻ വഴിയില്ല.

ഹുക്ക വലി അപമാനമത്രേ

താങ്കൾ മലയാളി സ്ത്രീകൾക്ക് ആകെ അപമാനമാകുന്ന തരത്തിൽ പരസ്യമായി ഹുക്ക വലിച്ച്, ഊതി സമൂഹത്തിന് മുന്നിലേക്ക് പുക വിട്ടപ്പോൾ താങ്കളുടെയും, കുടുംബത്തിലുള്ളവരുടെയും സ്ത്രീത്വതിന് വികാരാവേശം തോന്നിയില്ലേ എന്നും നവാസ് ചോദിക്കുന്നു.

ഹുക്ക വലിക്കുന്നത് എങ്ങിനെയാണ് സ്ത്രീകൾക്ക് അപമാനമാവുന്നത്? പുരുഷൻ ഹുക്ക വലിച്ചാൽ അത് പുരുഷ സമൂഹത്തിന് അപമാനമാണോ എന്ന ചോദ്യത്തിന് നവാസും ഉത്തരം പറയേണ്ടതുണ്ട്.

പ്രസവം ചിത്രീകരിച്ചതും!

ഒരു നടി, ക്യാമറയ്ക്ക് മുന്നിൽ നൂറ് കണക്കിന് ആൾക്കാർ തൽസമയം കാൺകേ കാല് കവച് വെച്ച് പ്രസവം ചിത്രീകരിക്കുകയും, ലക്ഷക്കണക്കിനാളുകൾ കണ്ടപ്പോഴും താങ്കളുടെ സ്ത്രീതത്വം എന്തേ വികാരപ്പെട്ടില്ലെന്ന് പോലും നവാസ് ചോദിക്കുന്നുണ്ട്.

. പ്രസവം ചിത്രീകരിക്കുന്നത് പോലും സ്ത്രീവിരുദ്ധമാണ് എന്ന തരത്തിലുള്ള ജൽപനങ്ങൾ ശരിക്കും മറുപടി അർഹിക്കുന്നത് പോലുമല്ല.

 

പരാതിപ്പെട്ടതിനും പരിഹാസം

താങ്കളുടെ സഹപ്രവർത്തകർ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ, അവരുടെ പരസ്പരം വിഴ്പ്പ് അലക്കിയുള്ള വിവാഹമോചനങ്ങൾ നടക്കുമ്പോൾ എന്തേ കുട്ടി പാർവ്വതിയുടെ സ്ത്രീത്വം മിണ്ടാത്തതെന്നും വടി കൊടുത്ത് അടി വാങ്ങിയിട്ടിപ്പോൾ, താങ്കളുടെ സ്ത്രീത്വത്തിനായി വാദിക്കുന്നതും, പിന്താങ്ങുന്നതിനായി ഒരു സൈബർ ഹെൽപ്പ് ഏജൻസിയെയും ഏൽപ്പിക്കാൻ നാണമില്ലേ എന്നും നവാസ് ചോദിക്കാൻ മടിക്കുന്നില്ല.

വിവാഹമോചനവും സ്ത്രീത്വത്തിന് എതിരത്രേ

നടി ആക്രമിക്കപ്പെട്ട സംഭവത്തിലടക്കം ശക്തമായ നിലപാടടെടുത്ത സ്ത്രീകളുടെ കൂട്ടത്തിലാണ് പാർവ്വതിയും. വിവാഹിതയായിക്കഴിഞ്ഞാൽ ജീവിതാവസാനം വരെ സ്ത്രീ ഭർത്താവിനൊപ്പം എല്ലാം സഹിച്ച് കഴിയണമെന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞ് പോയെന്ന് നവാസ് അറിഞ്ഞിരിക്കാൻ വഴിയില്ല. വിമർശനവും സൈബർ ബുള്ളിയിംഗും രണ്ടാണെന്നും രണ്ടാമത്തേത് ക്രിമിനൽ കുറ്റമാണെന്നും വിവരാവകാശ പ്രവർത്തകന് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ടതായിട്ടുണ്ട്. സൈബർ ബുള്ളിയിംഗിനെ നിയമപരമായി തന്നെയാണ് നേരിടേണ്ടത്. കരഞ്ഞ് കാല് പിടിച്ചല്ല.

കരിയറിനെ ബാധിക്കില്ലേ എന്ന്

പൊതുസമൂഹത്തെ, സംസ്ഥാന പോലീസിനെ വെറും മണ്ടൻമാരായി പാർവ്വതി കരുതുന്നുണ്ടെങ്കിൽ, അത് ഇനിയുള്ള താങ്കളുടെ കരിയറിനെയും, തന്റെ സ്ത്രീത്വത്തെയും ഒരുപാട് മോശമായി ബാധിക്കില്ലേ എന്നതാണ് അവസാന ചോദ്യം.

താരദൈവത്തിന്റെ സിനിമയെക്കുറിച്ച് പറയുമ്പോൾ പ്രത്യാഘാതം പ്രതീക്ഷിക്കാതെ ആവില്ല പാർവ്വതിയിരുന്നതെന്ന് ഉറപ്പാണ്. പക്ഷേ ഈ വിമർശനം ആരെങ്കിലുമായിട്ട് തുടങ്ങിവെയ്ക്കേണ്ടത് തന്നെയായിരുന്നു. സിനിമയിലെ പ്രബലർ പാർവ്വതിയെ ഒതുക്കിയേക്കാം. പക്ഷേ പാർവ്വതി തുടങ്ങി വെച്ചതിന്റെ ഗുണം നാളത്തെ തലമുറയ്ക്കെങ്കിലും ലഭിച്ചേക്കാം. പാർവ്വതി കാണിച്ച ധൈര്യം സ്ത്രീത്വത്തിന് മാറ്റ് കൂട്ടുന്നേ ഉള്ളൂ.

Loading...