പ്രേതത്തെ വെല്ലുവിളിച്ച് മുന്‍ മന്ത്രി… രാത്രി ഉറക്കം ശ്മശാനത്തില്‍!! ഇത്തവണയും തെറ്റിച്ചില്ല .

പ്രേതത്തെ വെല്ലുവിളിച്ച് മുന്‍ മന്ത്രി… രാത്രി ഉറക്കം ശ്മശാനത്തില്‍!! ഇത്തവണയും തെറ്റിച്ചില്ല . December 8, 2017

ബല്‍ഗാവി: അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരേ ഒറ്റയാന്‍ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് മുന്‍ മന്ത്രി. കര്‍ണാടകയിലെ മുന്‍ എക്‌സൈസ് മന്ത്രിയായ സതീഷ് ജാര്‍ക്കോളിയാണ് വളരെ വ്യത്യസ്തമായ ‘പോരാട്ടത്തിലൂടെ’ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെടുന്ന പ്രേതമെന്ന സങ്കല്‍പ്പം തെറ്റാണെന്ന് തെളിയിക്കുകയാണ് ജാര്‍ക്കോളിയുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു വര്‍ഷമായി ജനങ്ങളുടെ പ്രേതഭയം ഇല്ലാതാക്കുന്നതിനു വേണ്ടിതുനിഞ്ഞിറങ്ങിയിരിക്കുകയാണ് അദ്ദേഹം. ശ്മശാനത്തില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയാണ് ജാര്‍ക്കോളി പ്രേതങ്ങളെ നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ വര്‍ഷവും ഒരു ദിവസം രാത്രി മുഴുവന്‍ താന്‍ ശവപ്പറമ്പില്‍ കിടന്നുറങ്ങുമെന്നാണ് ജാര്‍ക്കോളി നേരത്തേ പറഞ്ഞത്. ഡിസംബര്‍ ആറായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത തിയ്യതി. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഡിസംബര്‍ ആറിന് രാത്രി മുഴുവന്‍ ബെലെഗാവിയിലെ സദാശിവ് നഗറിലുള്ള ശ്മശാനത്തില്‍ അദ്ദേഹം ഉറങ്ങി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തന്റെ ശീലത്തില്‍ ജാര്‍ക്കോളി ഒരു മാറ്റവും വരുത്തിയിട്ടില്ല. ജീവന്‍ ഉള്ളയിടത്തോളം കാലം ഡിസംബര്‍ ആറിനു രാത്രി താന്‍ ശ്മശാനത്തിലാണ് കഴിയുകയെന്നാണ് അദ്ദേഹം നേരത്തേ പ്രതിജ്ഞ ചെയ്തത്.

ജാര്‍ക്കോളി സംഘടിപ്പിച്ച പ്രേത വിരുദ്ധ രാവില്‍ പങ്കെടുക്കാന്‍ 50,000ത്തോളം പേരാണ് ശ്മശാനത്തിലെത്തിയത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം അത്താഴവും നല്‍കി. കൂടാതെ പ്രേത,ഭൂത വിശ്വാസങ്ങള്‍ക്കെതിരേ യുക്തി അധിഷ്ഠിത പ്രഭാഷങ്ങളും സംഘടിപ്പിച്ചിരുന്നു. ജാര്‍ക്കോളിക്കും അനുയായികള്‍ക്കുമൊപ്പം ബിഎംടിസി ചെയര്‍മാന്‍ നാഗരാജ് യാദവും രാത്രി ശ്മശാനത്തിലാണ് കിടന്നുറങ്ങിയത്.

വര്‍ഷത്തിലൊരിക്കല്‍ ശ്മശാനത്തില്‍ കിടന്നുറങ്ങിയുള്ള തന്റെ പ്രവൃത്തി തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നു ജാര്‍ക്കോളി വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ഓരോ വര്‍ഷം കഴിയുന്തോറും പ്രേതവിശ്വാസവും മറ്റു അന്ധ വിശ്വാസലുമെല്ലാം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ഈ അന്ധ വിശ്വാസങ്ങളെല്ലാം ഉപേക്ഷിക്കുന്നതു വരെ താന്‍ ഇപ്പോഴത്തെ രീതിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു

ഇത്തവണ 50,000 പേരാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെങ്കില്‍ അടുത്ത വര്‍ഷം 60,000 പേരെയങ്കിലും പങ്കാളിയാക്കാനാണ് ശ്രമമെന്ന് ജാര്‍ക്കോളി അറിയിച്ചു. അതിനിടെ ജാര്‍ക്കോളിയുടെ വ്യത്യസ്തമായ ഈ പരിപാടി തടയാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഇതിനെതിരേ ഹൈക്കമാന്‍ഡിനു പലരും പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ എതിര്‍പ്പുകളൊന്നും ജാര്‍ക്കോളി മുഖവിലക്കെടുക്കുന്നില്ല. ഇതില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നും വേണ്ടിവന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തി വാദികളെയും പുരോഗമന ചിന്താഗതിക്കാരെയും ഇവിടേക്കു കൊണ്ടുവന്നു പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. രാത്രി തനിച്ചു ശ്മശാനത്തില്‍ കിടന്നുറങ്ങാനും ധൈര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Loading...