ഇഎംഐയും ഇനി ക്യാഷ് ലെസ്: ഹോം ക്രെഡിറ്റും പേടിഎമ്മും ഡിജിറ്റല്‍ ഇന്ത്യയ്ക്കൊപ്പം!!

ഇഎംഐയും ഇനി ക്യാഷ് ലെസ്: ഹോം ക്രെഡിറ്റും പേടിഎമ്മും ഡിജിറ്റല്‍ ഇന്ത്യയ്ക്കൊപ്പം!! August 11, 2017

ദില്ലി: ക്യാഷ്-ലെസ്സായി ഇഎംഐ അടയ്ക്കാനുള്ള സൗകര്യവുമായി ഹോം ക്രെഡിറ്റ് ഇന്ത്യയും പേടിഎമ്മും. ഉപയോക്താക്കള്‍ക്ക് ഇഎംഐ ക്യാഷ് ലെസ്സായി അടയ്ക്കാനുള്ള സൗകര്യമാണ് ഈ കൂട്ടുകെട്ട് ഒരുക്കുന്നത്. സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പങ്കാളിയാവുന്നതിനായി പേടിഎമ്മുമായി ചേര്‍ന്ന് സംഭാവന നല്‍കുന്ന കാര്യമാണ് ഹോം ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിടുന്നത്. ഇതോടെ പേടിഎം ലോഗിന്‍ ചെയ്ത് ഹോം ക്രെഡിറ്റ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്ന് ഇന്‍സ്റ്റാള്‍മെന്‍റായി  ഷോപ്പിംഗ് നടത്താനും ലോണ്‍ തിരിച്ചടയ്ക്കാനും സാധിക്കും.

ഹോം ക്രെഡിറ്റ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി പേയ്മെന്‍റ് നടത്തുന്നവര്‍ ലോണ്‍ തുക അടയ്ക്കുന്നതിനൊപ്പം വിലാസം, ലോണ്‍ കോണ്ടാക്ട് ഐഡി തുടങ്ങിയ വിവരങ്ങള്‍ കൂടി നല്‍കേണ്ടതുണ്ട്. ഡെബിറ്റ് കാര്‍ഡ്, പേടിഎം വാലറ്റ്, നെറ്റ് ബാങ്കിംഗ് എന്നിവ മുഖേനയാണ് ഇഎഐ സ്വീകരിക്കുക.

രാജ്യം കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് മാറിക്കൊണ്ടിരിക്കെ ഇതിനെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്ന് ഹോം ക്രെഡിറ്റ്- പേടിഎം പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ച് ഹോം ക്രെഡിറ്റ് സിഇഒ മിലന്‍ ഉര്‍ബാസെക് പ്രതികരിച്ചു. ജൂലൈ അവസാനത്തോടെ രണ്ട് ലക്ഷത്തോളം ലോണ്‍ തിരിച്ചടവുകളാണ് പേടിഎം വിന്‍ഡോ വഴി നടന്നിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്‍റില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 55 ശതമാനം ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോക്താക്കളെ ഷോപ്പിംഗിന് സഹായിക്കുന്നതിനായി നേരത്തെ ഹോം ക്രെഡിറ്റ് മിനി ക്യാഷ് ലോണ്‍ എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു. 1000 രൂപ മുതല്‍ 10000 രൂപ വരെ മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ് ഇത്തരത്തില്‍ വാങ്ങാന്‍ കഴിയുക. ഇതിന് പുറമേ ലോണിനെക്കുറിച്ചുള്ള വിവരങ്ങളും റീ പേയ്മെന്‍റ് ഷെഡ്യൂളുകളും അറിയുന്നതിനായി പ്രത്യേകം മൊബൈല്‍ ആപ്പും കമ്പനി പുറത്തിറക്കിയിരുന്നു.

Loading...