പിശാചിനെ പ്രീതിപ്പെടുത്താൻ അച്ഛൻ മകളുടെ ചെവി മുറിച്ചു

പിശാചിനെ പ്രീതിപ്പെടുത്താൻ അച്ഛൻ മകളുടെ ചെവി മുറിച്ചു June 23, 2017

പിശാചിന്റെ പ്രീതിക്കായി യുവാവ് മൂന്നുവയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കഴുത്തിലേക്ക് കത്തിചൂണ്ടവേ നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാദരയിലാണ് സംഭവം.
സംഭവത്തില്‍ 35 -കാരനായ അമൃത് ബഹാദൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അയാള്‍ പോലീസിന് നല്‍കിയ മൊഴി. കുട്ടിയുടെ ചെവി പിശാചിന് സമര്‍പ്പിക്കാനാണ് മുറിച്ചെടുത്തത്. അല്ലാത്ത പക്ഷം കുട്ടിയെ തനിക്കൊപ്പം നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പിശാച് ഭീഷണിപ്പെടുത്തി. ചെവി മുറിച്ചിട്ടും പിശാച് തൃപ്തനായില്ല. തുടര്‍ന്ന് കഴുത്തിലെ ഞെരമ്പ് മുറിക്കാന്‍ പിശാച് ആവശ്യപ്പെടുകയായിരുന്നുവെന്നും അമൃത് പറഞ്ഞു.
ഏറെ നേരം ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയും പിന്നാലെ ചെവി മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വേദനയെ തുടര്‍ന്ന് നിലവിളിച്ച കുട്ടിയോട്, എല്ലാം നിന്റെ നല്ലതിനുവേണ്ടിയാണെന്നും അമൃത് പറഞ്ഞു. തടയാനെത്തിയ ഭാര്യയെ മര്‍ദിക്കുകയും വീട് വിട്ടുപോകാന്‍ ആവശ്യപ്പെടുകയും പിന്നീട് ഭാര്യയെയും മറ്റ് അഞ്ച് കുട്ടികളെയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
ഭാര്യ ഒച്ചവെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിക്കൂടുകയായിരുന്നു. പിന്നാലെ പോലീസ് എത്തി അമൃതിനെ അറസ്റ്റും ചെയ്തു.

Loading...