പി.എസ്. എല്‍. വി-38 കുതിച്ചുയര്‍ന്നു വിക്ഷേപണം വിജയകരം

പി.എസ്. എല്‍. വി-38 കുതിച്ചുയര്‍ന്നു വിക്ഷേപണം വിജയകരം June 23, 2017

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി- 38 കുതിച്ചുയര്‍ന്നു. രാവിലെ 9.50-ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നാണ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരം

പാകിസ്താനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.

ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് രണ്ട് ഉപഗ്രഹത്തിന് 712 കിലോയാണ് ഭാരം. മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243 കിലോയും. 23.18 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാകും.

കാര്‍ട്ടോസാറ്റ് കൂടാതെ ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നിവ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍നിന്നുള്ള 29 ഉപഗ്രഹങ്ങളും നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രഹവുമാണ് പി.എസ്.എല്‍.വി.യുടെ നാല്‍പ്പതാം ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നുള്ള അറുപതാം ദൗത്യമാണിത്. വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എല്‍.വി 38ന്റേത്.
11 തവണ പ്രോജക്ട് ഡയറക്ടറായിരുന്ന നേമം സ്വദേശി ബി. ജയകുമാറിന് ഇത് അവസാന പി.എസ്.എല്‍.വി. ദൗത്യമാണ്. പി.എസ്.എല്‍.വി.യില്‍നിന്ന് ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലേക്ക് മാറുന്ന അദ്ദേഹത്തിന്റെ ആദ്യ മാര്‍ക്ക് ത്രീ ദൗത്യം അടുത്ത ഫെബ്രുവരിയിലാകും. 13 തവണ പി.എസ്.എല്‍.വിയുടെ വെഹിക്കിള്‍ ഡയറക്ടറായിരുന്നു. ചൊവ്വാ ദൗത്യത്തിലുള്‍പ്പെടെ സുപ്രധാന പങ്കുവഹിച്ചു.

പി.എസ്.എല്‍.വി.യുടെ ഈ ദൗത്യത്തില്‍ മറ്റൊരു മലയാളിയും മുന്‍നിരയിലുണ്ട്. പി.എസ്.എല്‍.വി. സി-38ന്റെ വെഹിക്കിള്‍ ഡയറക്ടര്‍ ആര്‍. ഹട്ടന്‍ ആലപ്പുഴ സ്വദേശിയാണ്.

3500 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 20 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ 2018 ഫെബ്രുവരിയിലെ ദൗത്യം. ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഡി ഒന്നിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന ജി. അയ്യപ്പന്‍, സ്പേസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് പ്രോഗ്രാം ഡയറക്ടര്‍ സ്ഥാനത്തേക്കു മാറുന്നതോടെയാണ് ജയകുമാര്‍ ഇവിടേക്കെത്തുന്നത്. ജയകുമാറിനു പകരം ഹട്ടന്‍ പി.എസ്.എല്‍.വി. പ്രോജക്ട് ഡയറക്ടറാകും.

നൂതന ക്യാമറകള്‍ ഉള്ളതിനാല്‍ ആകാശം മേഘാവൃതമായാല്‍പോലും ഭൂമിയിലെ നിയന്ത്രണ മുറിയില്‍ നിന്ന് ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ ചിത്രം കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ക്ക് കഴിയും.

Loading...