പുണെയില്‍ കിട്ടിയ അടിക്ക് ബെംഗളൂരുവില്‍ ഇന്ത്യ തിരിച്ചടി നല്‍കി

പുണെയില്‍ കിട്ടിയ അടിക്ക് ബെംഗളൂരുവില്‍ ഇന്ത്യ തിരിച്ചടി നല്‍കി March 7, 2017

പുണെയില്‍ കിട്ടിയ അടിക്ക് ബെംഗളൂരുവില്‍ ഇന്ത്യ തിരിച്ചടി നല്‍കി. ഓസീസിന്റെ ബാറ്റ്‌സ്മാന്‍മാരെ ഒന്നിനു പിറകെ ഒന്നായി പവലിയനിലേക്ക് മടക്കി അയച്ച് ബൗളന്‍മാര്‍ ഇന്ത്യക്ക് 75 റണ്‍സിന്റെ വിജയമൊരുക്കി. ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ പ്രകടനം രണ്ടാമിന്നിങ്‌സില്‍ നിര്‍ണായകമായി. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

ഇന്ത്യ മുന്നോട്ടുവെച്ച 188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 112 റണ്‍സിന് പുറത്താക്കി ഇന്ത്യ വിജയമാഘോഷിച്ചു. കളി തീരാന്‍ ഒരു ദിവസം ബാക്കിയുണ്ടായിട്ടും ഓസീസിന് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പിടിച്ചു നില്‍ക്കാനായില്ല. 11 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറു വിക്കറ്റുകള്‍ ഓസീസിന് നഷ്ടപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ ചെറുത്ത് നില്‍പ്പ് നടത്തിയ വെയ്ഡിനും ഷോണ്‍ മാര്‍ഷിനും റെന്‍ഷാക്കും രണ്ടാം ഇന്നിങ്‌സില്‍ ഒന്നനങ്ങാന്‍ പോലും കഴിഞ്ഞില്ല.

രണ്ടാമിന്നിങ്‌സില്‍ ഇഷാന്ത് ശര്‍മ്മയാണ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അവരുടെ വിശ്വസ്തനായ ഓപ്പണര്‍ റെന്‍ഷായെ(5) ഇഷാന്ത് സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് അശ്വിന്റെ ഊഴമായിരുന്നു.

വാര്‍ണറെ നിലയുറപ്പിക്കും മുമ്പ് അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഇന്നിങ്‌സിലെ അര്‍ധസെഞ്ചുറിക്കാരന്‍ ഷോണ്‍ മാര്‍ഷിനെ ഒമ്പത് റണ്‍സെടുത്ത് നില്‍ക്കെ ഉമേഷ് യാദവും പറഞ്ഞയച്ചു. പിന്നീട് സ്മിത്തും വെയ്ഡും മിച്ചല്‍ മാര്‍ഷും ചെറുത്ത് നില്‍ക്കാതെ കീഴടങ്ങി.

ഔദ്യോഗിക ബാറ്റ്‌സ്മാനായി അവശേഷിച്ച ഹാന്‍ഡ്‌സ്‌കോമ്പിന്റെ ചെറുത്ത് നില്‍പ്പ് 24 റണ്‍സില്‍ അവസാനിച്ചതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഒക്കീഫെയെ ജഡേജയും ലിയോണിനെ അശ്വിനും മടക്കിയതോടെ ഓസീസിന്റെ ഇന്നിങ്‌സ് കണ്ണടച്ചും തുറക്കും മുമ്പ് അവസാനിച്ചു. ഉമേഷ് യാദവ് രണ്ടും ജഡേജയും ഇഷാന്തും ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ നാല് വിക്കറ്റിന് 213 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഓസീസ് പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 20 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ കളഞ്ഞ ഇന്ത്യ 274 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിന് അടിത്തറ പാകിയത് ലോകേഷ് രാഹുലാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഒന്നാം ഇന്നിങ്‌സിലെ പ്രകടനം ആവര്‍ത്തിച്ച രാഹുല്‍ 51 റണ്‍സെടുത്തു. പിന്നീട് അഞ്ചാം വിക്കറ്റില്‍ പൂജാരയും രഹാനെയും ചേര്‍ന്നുണ്ടാക്കിയ 118 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തുകയായിരുന്നു. ഈ ടെസ്റ്റിലെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ടാണത്. പൂജാര 92ഉം രഹാനെ 52ഉം റണ്‍സെടുത്തു.

സ്‌കോര്‍: ഇന്ത്യ-189, 274 ഓസ്‌ട്രേലിയ-276,112

Loading...