ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ്; മുസഫര്‍നഗര്‍ ഉള്‍പ്പെടെ വിധിയെഴുതുന്നു

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ്; മുസഫര്‍നഗര്‍ ഉള്‍പ്പെടെ വിധിയെഴുതുന്നു February 11, 2017

രാഷ്ട്രീയ ഇന്ത്യ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ആകെയുള്ള 403 നിയമസഭ സീറ്റുകളിലെ 73 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി എസ്പി-കോണ്‍ഗ്രസ് സഖ്യം, ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടനം കാഴ്ച വെച്ച് യുപി പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി, അധികാരം പിടിച്ച് തിരികെ വരാന്‍ ശ്രമിക്കുന്ന ബിഎസ്പി എന്നിവരാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ കക്ഷികള്‍.
ബിജെപിക്ക് ദേശീയ തലത്തില്‍ വളരെയേറെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. 2014ല്‍ അധികാരത്തില്‍ എത്തിയ മോഡി സര്‍ക്കാരിന്റെ ചെറു വിധിയെഴുത്തായിരിക്കും യുപി തെരഞ്ഞെടുപ്പ് എന്നാണ് പൊതുവേ കരുതുന്നത്. അതിനാല്‍ തന്നെ യുപിയിലെ വിജയമോ പരാജമോ ബിജെപിയെ ബാധിക്കും. നോട്ട് നിരോധനവും സര്‍ജികല്‍ സ്‌ട്രൈക്ക് അടക്കമുള്ള മോഡിയുടെ നടപടിയെ എങ്ങനെയാണ് ജനങ്ങള്‍ കാണുന്നതെന്നാണ് അറിയേണ്ടത്.
എസ്പിയെ സംബന്ധിച്ച് മുലായം കുടുംബത്തില്‍ വഴക്കുണ്ടായി അഖിലേഷിലേക്ക് അധികാരം കേന്ദ്രീകരിച്ചത് പ്രതിസന്ധിയായോ എന്നാണ് ഈ തെരഞെടുപ്പ് തെളിയിക്കുക. കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തി വീണ്ടും അധികാരത്തിലെത്തുക എന്ന അഖിലേഷിന്റെ തന്ത്രം എത്രത്തോളം വിജയമാവുമെന്നും ഈ തെരഞ്ഞെടുപ്പ് പരിശോധിക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും യുപിയില്‍ നേടാതിരുന്ന മായാവതിയുടെ ബിഎസ്പിയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ് ഈ തെരഞെടുപ്പ്. കൃത്യമായ ദളിത് വോട്ട് പിന്‍ബലം ബിഎസ്പിക്കുണ്ടെങ്കിലും മുസ്ലിം വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്തി അധികാരത്തില്‍ എത്താനാവുമോ എന്നാണ് നിരീക്ഷകര്‍ നോക്കുന്നത്.

Loading...