ബന്ധുനിയമനം: ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി അനുമതി

ബന്ധുനിയമനം: ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി അനുമതി January 7, 2017

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി അനുമതി നല്‍കി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതി നിര്‍ദേശം.

ജയരാജനു പുറമേ പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരാണ് മറ്റു പ്രതികള്‍. അഴിമതി നിരോധന നിയമത്തിലെ 13(1)ഡി, 13(2) എന്നീ വകുപ്പുകള്‍ക്കു പുറമേ ഗൂഢാലോചന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വിശദമായ അന്വേഷണം ആവശ്യമാണെന്നും തെളിവിനായി കൂടുതല്‍ ഫയലുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി കെ.ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാര്യാ സഹോദരിയായ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതാണ് ജയരാജനെ കുടുക്കിയ വലിയ വിവാദം. കൂടാതെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും ജയരാജന്‍ നിയമനം നല്‍കി. നിയമനത്തിനായി അപേക്ഷ പോലും നല്‍കാതിരുന്ന സുധീറിന് എം.ഡി നിയമനത്തിന് നിഷ്‌കര്‍ഷിച്ചിരുന്ന യോഗ്യതയും ഉണ്ടായിരുന്നില്ല. ജയരാജന്‍ സ്വന്തം കൈപ്പടയില്‍ ഫയലില്‍ രേഖപ്പെടുത്തിയ നിര്‍ദേശപ്രകാരം സുധീറിനെ നിയമിക്കുകയായിരുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഫയലില്‍ ജയരാജനും പോള്‍ ആന്റണിയും ഒപ്പുവച്ചതായും വിജിലന്‍സ് കണ്ടെത്തി.

അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അധ്യക്ഷനായ ‘റിയാബ്’ തയ്യാറാക്കിയ പട്ടിക അട്ടിമറിച്ചായിരുന്നു നിയമനം. ഇതിനായി സുധീറും പോള്‍ ആന്റണിയും ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി. നിയമനങ്ങള്‍ വിവാദമായതോടെയാണ് ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്.

Loading...