നൃത്തച്ചുവടുകളുടെ മാന്ത്രികസ്പര്‍ശം: ജെസ്‌നിയ സിനിമയിലേക്ക്

നൃത്തച്ചുവടുകളുടെ മാന്ത്രികസ്പര്‍ശം: ജെസ്‌നിയ സിനിമയിലേക്ക് January 11, 2018

തൃശൂര്‍: മലയാളത്തില്‍ ഒരു കാലത്ത് മികച്ച നടിമാരെയും നടന്മാരെയും സ്ഥിരമായി സംഭാവന ചെയ്തിരുന്നത് സ്‌കൂള്‍ യുവജനോത്സവങ്ങളാണ്. യുവജനോത്സവത്തില്‍ കലാതിലകവും കലാപ്രതിഭാപ്പട്ടവും ഉണ്ടായിരുന്ന കാലത്ത് പട്ടം നേടുന്നവരെല്ലാം അധികം വൈകാതെ സിനിമയിലെത്തുകയെന്നത് ഒരു പതിവായിരുന്നു. നൃത്തവേദികളില്‍ തിളങ്ങിയവര്‍ക്ക് പലപ്പോഴും വെള്ളിത്തിരയിലും തിളങ്ങാനാവും. പ്രതിഭാപട്ടങ്ങളൊക്കെ നിര്‍ത്തലാക്കിയതോടെ കലോത്സവങ്ങളില്‍നിന്ന് സിനിമയിലെക്കെത്തുന്നവരും കുറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ സമാപിച്ചതോടെ പാവറട്ടി സ്വദേശി ജെസ്‌നിയ അങ്ങനെ സിനിമയിലെ താരമായി.സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേമാജ്ഞലി എന്ന സിനിമയിലെ ടൈറ്റില്‍ റോള്‍ ചെയ്യുന്നത് ജെസ്‌നിയയാണ്. കലോത്സവങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ അത് അതിന്റെ മുഴുവന്‍ സൗഭാഗ്യവും ചിലര്‍ക്കായ് സമ്മാനിക്കും.

അമൃത ടിവിയുടെ ഏഴാമത് ജൂനിയര്‍ റിയാലിറ്റി ഷോയിലെ വിജയിയായിരുന്ന ഈ നര്‍ത്തകി മത്സരിച്ച മൂന്നിനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നീയിനങ്ങളിലാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. മൂന്ന് വയസ്സുമുതല്‍. നൃത്തം അഭ്യസിക്കുന്ന ഈ മിടുക്കി പാവറട്ടിയിലെ ജയദീഷിന്റെയും അമ്പിളിയുടെയും മകളാണ് .കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും കുച്ചിപ്പിടിയിലും ഭരതനാട്യത്തിലും
മോഹിനിയാട്ടത്തിലും വിജയിയായിരുന്നു. പാവറട്ടി സികെസിജിഎച്ച്എസില്‍ ഒമ്പതാം ക്ലാസിലാണ് ജെസ്‌നിയ പഠിക്കുന്നത്.

ശ്വേതാമേനോന്‍, ഭാഗ്യലക്ഷ്മി, ദേവന്‍ എന്നിവര്‍ വേഷമിടുന്ന പ്രേമാജ്ഞലിയിലേക്ക് നൃത്തത്തില്‍ പ്രാവീണ്യമുള്ള നായികയെ തേടി സംവിധായകന്‍ അലയുമ്പോഴാണ് കലോത്സവത്തിലെ നൃത്ത വിജയത്തിളക്കങ്ങള്‍ സ്വന്തമാക്കിയ ജെസ്‌നിയക്ക് സിനിമയിലേക്ക് വഴി തുറന്നത്. നക്ഷത്രക്കണ്ണുള്ള ഈ രാജകുമാരി ഇനി വെള്ളിത്തിരയില്‍ കഴിവുകള്‍ തെളിയിക്കും.

Loading...