രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി തേച്ചിട്ടു പോയി; താന്‍ നല്‍കിയ പ്രണയസമ്മാനങ്ങള്‍ തിരികെ വേണമെന്ന് വാശിപിടിച്ച് കാമുകന്‍ ഒടുവില്‍ ജയിലിലുമായി

രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി തേച്ചിട്ടു പോയി; താന്‍ നല്‍കിയ പ്രണയസമ്മാനങ്ങള്‍ തിരികെ വേണമെന്ന് വാശിപിടിച്ച് കാമുകന്‍ ഒടുവില്‍ ജയിലിലുമായി December 7, 2017

ദുബായ്: രണ്ടുവര്‍ഷത്തെ കൊണ്ടു പിടിച്ച പ്രണയത്തിനൊടുവില്‍ കാമുകി പറ്റിച്ച കടന്നു കളഞ്ഞാല്‍ സാധാരണ കാമുകന്‍മാര്‍ എന്തു ചെയ്യും? കരഞ്ഞ് കാത്തിരിക്കും അല്ലെങ്കില്‍ എല്ലാം മറന്ന് മറ്റു വഴികള്‍തേടിപ്പോകും. എന്നാല്‍ കാമുകിയെ മറന്ന് ചുമ്മാ അങ്ങ് പോകാനൊന്നും തന്നെ കിട്ടില്ലെന്നാണ് ദുബായിയിലെ ഈ കാമുകന്‍ പറയുന്നത്. താന്‍ പ്രണയകാലത്ത് വാങ്ങി നല്‍കിയ സമ്മാനങ്ങള്‍ എല്ലാം തിരികെ തന്നിട്ടേ കാമുകിയെ വിടുകയുള്ളുവെന്ന് ദൃഢപ്രതിജ്ഞ എടുത്തു പോയി ഇയാള്‍. പക്ഷെ തന്റെ പിടിവാശി കാമുകനെ കൊണ്ടെത്തിച്ചത് ജയിലിലാണെന്ന് മാത്രം.

സംഭവം ദുബായിയിലാണ്. ഒരു കാമുകന്‍ മുന്‍കാമുകിയ്ക്ക് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വേണമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ അമ്മയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സമ്മാനങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചൈനക്കാരനായ യുവാവിന് ദുബായ് കോടതി മൂന്നുമാസം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

23 വയസുള്ള ഇയാള്‍ രണ്ടുവര്‍ഷമായി 27 വയസുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്നതോടെയാണ് ഭീഷണി തുടങ്ങിയത്. നിരന്തരം ആവശ്യപ്പെട്ടിട്ടും യുവതി ഇതൊന്നും നല്‍കിയില്ല. തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഭീഷണി സന്ദേശം അയച്ചത്. സമ്മാനങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ മകളെ വകവരുത്തുമെന്നായിരുന്നു സന്ദേശമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പതിവായിരുന്നു.

സെപ്റ്റംബറില്‍ കേസ് പരിഗണിച്ച ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ചൈനീസ് യുവാവിന് മൂന്നു മാസം തടവ് വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഉന്നത കോടതിയില്‍ പോയെങ്കിലും അവിടെയും പരാജയപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതിയുടെ സന്ദേശം. നാളെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അവളെയും നിങ്ങളെയും കൊല്ലുമെന്നായിരുന്നു മാതാവിന് ലഭിച്ച സന്ദേശം. ഇതാണ് യുവാവിനെ കുടുക്കിയത്. കാമുകിയും പോയി മൂന്നുമാസം ജയിലിലുമായ കാമുകനെ ഓര്‍ത്ത് വിലപിക്കുകയാണ് സോഷ്യല്‍മീഡിയ.

Loading...