ദിലീപിനെതിരായ കുറ്റപത്രം ചോര്‍ത്തല്‍… എല്ലാം പോലീസ് കണ്ടെത്തി, നടന്നത് ‘ഹൈടെക്ക് അടിച്ചുമാറ്റല്‍’

ദിലീപിനെതിരായ കുറ്റപത്രം ചോര്‍ത്തല്‍… എല്ലാം പോലീസ് കണ്ടെത്തി, നടന്നത് ‘ഹൈടെക്ക് അടിച്ചുമാറ്റല്‍’ December 5, 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ നേരത്തേ അനുബന്ധ കുറ്റപത്രം നല്‍കിയിരുന്നു. നവംബര്‍ 22ന് വൈകീട്ടായിരുന്നു പോലീസ് കുറ്റപത്രം നല്‍കിയത്. അന്നു തന്നെ കുറ്റപത്രത്തിലെ പല വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്നു കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോവുന്നതിനു മുമ്പാണ് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്, തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പോലീസിനോടു നിര്‍ദേശിക്കുകയായിരുന്നു.

ദിലീപിന്റെ ഹര്‍ജിയില്‍ വിശദീകരണം നല്‍കാനൊരുങ്ങുകയാണ് പോലീസ്. കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നായിരിക്കാമെന്നാണ് പോലീസ് കോടതിയെ അറിയിക്കുക. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഫോട്ടോസ്റ്റാറ്റ് കടയില്‍ നന്നു കുറ്റപത്രം ചോര്‍ത്തിയതെന്നും പോലീസ് കോടതിയില്‍ വിശദീകരണം നല്‍കും. ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അങ്കമാലി കോടതി ചൊവ്വാഴ്ച ഫയലില്‍ സ്വീകരിക്കുമെന്നാണ് വിവരം.

ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരേ ചുമതത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിരീപിനെതിരേയു ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷികളിലൊരാളാണ്. മഞ്ജുവിനെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണ് 22നു വൈകീട്ട് അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.

കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന എന്നിവയടക്കം 17 വകുപ്പുകളാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. ദിലീപിനെ കേസിലെ എത്രാമത്തെ പ്രതിയാക്കുമെന്ന കാര്യത്തില്‍ പോലീസിനു നേരത്തേ ആശയക്കുഴപ്പമുണ്ടായിരുന്നു. താരത്തെ ഒന്നാം പ്രതിയാക്കിയേക്കുമെന്ന തരത്തിലും സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് ദുര്‍ബലപ്പെടുമെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം തീരുമാനം മാറ്റുകയായിരുന്നു.

കര്‍ശനവ്യവസ്ഥകളോടെയായിരുന്നു ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പോലീസ് കേസിലെ അനുബന്ധ കുറ്റപത്രം നല്‍കിയ ശേഷം ദിലീപ് ദുബായില്‍ പോയിവരികയും ചെയ്തു. ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനായി പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി ദിലീപിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയോടൊപ്പം ദുബായിലേക്ക് പറന്ന ദിലീപ് ദിവസങ്ങള്‍ക്കു മുമ്പാണ് തിരിച്ചെത്തിയത്.

ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദിലീപ് ദുബായിലേക്ക് പോയപ്പോള്‍ പോലീസും താരത്തെ രഹസ്യമായി നിരീക്ഷിച്ച് ഇവിടെ എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരത്തിന്റെ ഓരോ നീക്കങ്ങളും പോലീസ് നിരീക്ഷിച്ചതായും വിവരം പുറത്തുവന്നിരുന്നു. കാരണം ദിലീപിന്റെ വിദേശ സന്ദര്‍ശനം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നാണ് പോലീസ് സംശയം പ്രകടിപ്പിച്ചത്. മാത്രമല്ല കേസിലെ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതും പോലീസിന്‍റെ സംശയം വര്‍ധിപ്പിച്ചിരുന്നു.

 

Loading...