തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ റിവ്യൂ

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ റിവ്യൂ July 1, 2017

ഒരു പ്രതിയുടെയും വാദിയുടേയും കഥ, പോലീസിന്‍റേയും
ഒരു സിനിമയ്ക്കുവേണ്ടിയും മലയാളികൾ ഇത്രമേൽ കാത്തിരുന്നു കാണില്ല. കറുത്ത സ്ക്രീനിൽ വെളുത്ത അക്ഷരത്തില്‍ ദിലീഷ് പോത്തന്‍ എന്ന് പേര് എഴുതി കാണിക്കുമ്പോൾ തിയറ്ററിൽ ഉയരുന്ന കൈയടി മതി അതിനേക സാക്ഷ്യം. ‘മഹേഷിന്‍റെ പ്രതികാര’ത്തിനുശേഷമുള്ള പോത്തേട്ടന്‍റെ പുതിയ ചിത്രം ആ ബ്രില്ല്യന്‍സിന്‍റെ വേറെ ലെവലിലേക്ക് അതായത് ഒരു ത്രില്ലർ ഗണത്തിലേക്ക് എത്തുന്നതാണ്. ഒന്നരവര്‍ഷം മുമ്പ് ഇറങ്ങിയ പ്രതികാരകഥയുടെ വിജയമുയർത്തിയ എല്ലാ സമ്മർദ്ദവും അതിജീവിച്ചാണ് വേറിട്ടൊരു ഭൂമികയിൽ മറ്റൊരു കഥയുമായി ഈ കാലത്തെ ഏറ്റവും കൂടുതൽ ഫാൻസുള്ള സംവിധായകരിലൊരാളുടെ വരവ്. ഏതായാലും രണ്ടാം സിനിമയിലാണ് ഒരു സംവിധായകന്‍റെ വരവ് അരക്കിട്ട് ഉറപ്പിക്കാറെന്ന സ്ഥിരം പല്ലവിയിൽ പറഞ്ഞാല്‍ ദിലീഷ് പോത്തന്‍ നിങ്ങ മുത്താണ്….

t1

‘മഹേഷിന്റെ പ്രതികാര’ത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്ക് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ പ്രതീക്ഷയുടെ തുഞ്ചത്തായിരുന്നു. നല്ലസിനിമകൾക്കായി ആഗ്രഹിക്കുന്നേവരെയും തൃപ്തിപ്പെടുത്താനുള്ളതെല്ലാം ദിലീഷിന്റെ രണ്ടാം ചിത്രത്തിലുണ്ട്. മഹേഷിനുശേഷം ഇറാഖിലെ ഇന്ത്യന്‍ എംബസിയിലെ അംബാസഡറായും റോൾ മോഡൽസിലെ ഗൗതമായും പരിണമിച്ച ഫഹദിന്‍റെ മറ്റൊരു മുഖമാണ് സിനിമയിൽ. കായംകുളം കൊച്ചുണ്ണി മുതൽ കള്ളന്‍ പവിത്രന്‍, കളിക്കളം, കാക്കക്കുയിൽ, മീശമാധവൻ, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ കള്ളന്മാരുടെ കഥപറയുന്ന ചിത്രങ്ങളൊരുപാടുണ്ടെങ്കിലും അതിൽ നിന്നൊക്കെ വേറിട്ടുനിൽക്കും തൊണ്ടിമുതലിലെ ഫഹദിന്‍റെ കള്ളന്‍ വേഷം. ഏറെ സൂക്ഷ്മഭാവങ്ങളും കള്ളച്ചിരിയും പാളിനോട്ടവുമൊക്കെയായി ഫഹദ് വീണ്ടും വിസ്മയിപ്പിക്കും.

t4

കൊച്ചിയും കാസര്‍ഗോഡുമാണ് കഥാന്തരീക്ഷം. 3-4 ദിവസങ്ങൾക്കുള്ളിൽ നടക്കുന്നൊരു കഥ. കൊച്ചിയിൽ വ്യാപാരം ചെയ്യുന്ന ഒരു ആലപ്പുഴക്കാരന് ഉണ്ടാകുന്നൊരു പ്രേമം. പ്രേമിച്ചു വിവാഹം കഴിച്ച് നാടുവിടുന്നതിനിടയിൽ ബസ്സിൽ വച്ച് നടക്കുന്ന ഒരു മോഷണം. ഇതേ തുടർന്ന് ബസ് കാസ‍ർഗോട്ടെ ഷേണി പോലീസ് സ്റ്റേഷനിലേക്ക്. തുടർന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പടർന്നുപന്തലിക്കുന്നത്. ഭൂരിഭാഗം സിനിമകളിലും നർമ്മത്തിനായി മാത്രമെടുക്കുന്ന സുരാജ് വെഞ്ഞാറമ്മൂടെന്ന നടന് ഒരു മുഴുനീള കഥാപാത്രം നൽകാനെടുത്ത ദിലീഷിന്‍റെ തീരുമാനത്തിന് നൂറുമാർക്ക്. അത്രയ്ക്ക് വെടിപ്പായി കൈയ്യടക്കത്തോടെ പ്രസാദ് എന്ന കഥാപാത്രത്തെ സുരാജ് സുന്ദരമാക്കിയിട്ടുണ്ട്. ഒപ്പം പുതുമുഖ നായിക നിമിഷ സജയനും. ആദ്യാഭിനയമെന്ന് തോന്നിപ്പിക്കാത്ത വിധം ഏറെ മനോഹരമാണ് ഈ പെൺകുട്ടിയുടെ സ്ക്രീൻ പ്രസന്‍സും ശരീരഭാഷയുമെല്ലാം.

t2

മഹേഷിന്‍റെ പ്രതികാരത്തിൽ എട്ടിന്‍റെ വള്ളിച്ചെരുപ്പായിരുന്നു താരമെങ്കിൽ ഇതിലൊരു തൊണ്ടിമുതലാണ്. ഒരു നിധികിട്ടാനുള്ള കാത്തിരിപ്പുപോലെ അതിനുവേണ്ടി വാദിയും പോലീസ് സ്റ്റേഷനിലെ പോലീസുകാരും കാത്തിരിക്കുന്ന ചെറിയൊരു തന്തുവാണ് കഥയുടെ ത്രെഡ്. 50-ഓളം പുതുമുഖങ്ങളുമുണ്ട് സിനിമയിൽ. പോലീസുകാരായി അഭിനയിക്കുന്ന 25-ഓളം പേര്‍ യഥാർത്ഥ പോലീസുകാര്‍ തന്നെയാണെന്നതും ഏറെ രസരകരമാണ്. ഇടയ്ക്കിടയ്ക്ക് ആക്ഷൻ ഹീറോ ബിജു ലെവലിലേക്ക് സ്റ്റേഷനിലെ സീനുകൾ മാറുന്നുണ്ടെങ്കിലും കഥയുടെ ഗതിയുമായി ചേർത്തുനോക്കുമ്പോൾ അത് കല്ലുകടിയാകുന്നില്ല. ഉത്സവങ്ങളുടെ ആഘോഷങ്ങളും ചിത്രത്തിന്റെ ഗതിയോട് ചേർത്ത് പറഞ്ഞിട്ടുമുണ്ട്. ചെറിയൊരു കഥയെ തെല്ലും ഏച്ചുകെട്ടലില്ലാതെ ഉള്ളത് ഉള്ളതുപോലെ പറയുന്ന കഥയും അവതരണവും ദൃശ്യങ്ങളും മേന്മയാണ്.

‘മഹേഷി’ലെ ബേബിചേട്ടനുശേഷം ചന്ദ്രൻ എന്ന പോലീസുകാരനായി അസാധ്യപ്രകടനം തന്നെ അലെന്‍സിയര്‍ ഈ ചിത്രത്തിലും കാഴ്ചവെച്ചിട്ടുണ്ട്. സംവിധായകന്‍ രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കഥയെ തുണയ്ക്കുന്ന തരത്തിൽ ഏറെ റിയലിസ്റ്റിക്കായി ചിത്രത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിൽ ഇടുക്കിയുടെ പച്ചപ്പായിരുന്നെങ്കിൽ ഇവിടെ കാസർഗോട്ടെ ഭൂമികയുടെ ചെമ്മണ്ണ് നിറമാണ്. മൊത്തത്തിൽ അത്തരത്തിൽ ഒരു സെപ്പിയ നിറത്തിലാണ് ദൃശ്യങ്ങൾ. മലയാളസിനിമയിൽ അത്ര പരിചിതമല്ലാത്ത ക്രിയേറ്റീവ് ഡയറക്ടറായി ശ്യാം പുഷ്കരനും ദിലീഷ് പിന്തുണയേകിയിട്ടുണ്ട്. ‘നി കൊ ഞാ ചാ’ ചിത്രത്തിന് ശേഷം ഉര്‍വ്വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം.തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം പത്രപ്രവര്‍ത്തകനായ സജീവ് പാഴൂരും ചിത്രസംയോജനം കിരണ്‍ദാസും, സംഗീതവും പശ്ചാത്തലസംഗീതവും ബിജിപാലും മനോഹരമാക്കിയിട്ടുണ്ട്.

വാൽകഷ്ണം
‘ചതിക്കാത്ത ചന്തു’വിലെ മലഭൂതത്തിന് ശേഷം പുതിയൊരു വാക്ക് തൊണ്ടിമുതൽ പ്രചാരത്തിലാക്കും… ‘ഒരു മലക്കോളുവരുന്നുണ്ടേ’…

Loading...

Review Summary

Details about this item
Overall Rating
4out of 5
Overall

താരനിര: ഫഹദ്, സുരാജ്, നിമിഷ, അലെൻസിയർ
സംവിധാനം:ദിലീഷ് പോത്തൻ
സിനിമ വിഭാഗം:Thriller
ദൈര്‍ഘ്യം:135

4

Good
4 out of 5