ഇനി ഹൈടെക് പോസ്റ്റ്മാന്‍ !

ഇനി ഹൈടെക് പോസ്റ്റ്മാന്‍ ! October 4, 2017

2018 ആകട്ടെ. പോസ്റ്റ്മാന്‍മാര്‍ ഒരു ഹൈ ടെക് ഉപകരണവുമായിട്ടായിരിക്കും നിങ്ങളുടെ വീട്ടു പടിക്കലെത്തുക. വിവിധ പണമിടപാടുകള്‍ അതിലൂടെ നടത്താന്‍ കഴിയും. 2018 മാര്‍ച്ചില്‍ രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് പദ്ധതിയിടുന്നത്.


ഒന്നര ലക്ഷത്തിലധികം പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈ ടെക് ഉപകരണങ്ങള്‍ നല്‍കുന്നതിനാണ് നീക്കം. ഒരു മൈക്രോ എടിഎം ആയിരിക്കും ഈ ഉപകരണം. ഒരു ബയോ മെട്രിക് റീഡറും പ്രിന്ററും ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് റീഡറും അതിനോട് ഘടിപ്പിച്ചിരിക്കും.

അത്തരം 2 ലക്ഷം ഉപകരണങ്ങള്‍ക്കുള്ള ടെന്‍ഡര്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ നല്‍കും. ഇന്ത്യാ പോസ്റ്റ് പേമെന്റ് സംവിധാനത്തിനായി ഈ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഹെഡലെറ്റ് പക്കാര്‍ഡ് എന്റര്‍പ്രൈസ് ആണ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

വിവിധ സേവനങ്ങള്‍ക്കുള്ള തുകകള്‍ ബാങ്ക് മുഖേന നല്‍കുന്നതിനുള്ള ക്രമീകരണമായിരിക്കുമിത്. ഗ്യാസ്, വൈദ്യുതി, മൊബൈല്‍, ഡിടിഎച്ച്, സ്‌കൂള്‍ ഫീസ് തുടങ്ങി ഒരു ഡസനിലധികം സേവനങ്ങള്‍ക്കുള്ള തുകകള്‍ ഇതിലൂടെ നല്‍കാന്‍ കഴിയും.

ബസ്, ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, പഴം പച്ചക്കറികള്‍ എന്നിവ വാങ്ങുന്നതിന്റെ വില നല്‍കല്‍, വിവിധ ക്ഷേമപദ്ധതികളുടെ തുകകള്‍ കൈമാറല്‍ എന്നിവയെല്ലാം വിഭാവനം ചെയ്യുന്നുണ്ട്. ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നതിനേക്കാള്‍ തുകകള്‍ നല്‍കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നതിനു റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. സ്വന്തം ആപ്പിലൂടെ വിവിധ സേവനങ്ങള്‍ക്ക് അടക്കുന്ന തുകയ്ക്ക് ബന്ധപ്പെട്ട കമ്പനികളില്‍നിന്നോ കസ്റ്റമര്‍മാരില്‍നിന്നോ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഫീസ് ഈടാക്കും.

പോസ്റ്റ് ഓഫിസുകളില്‍ ബാങ്കിന് 35 കോടി അക്കൗണ്ടുകളുണ്ട്. അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 8 കോടി കുടുംബങ്ങളെക്കൂടി പേമെന്റ്‌സ് ബാങ്കിന്റെ കസ്റ്റമര്‍മാരാക്കി മാറ്റാന്‍ ശ്രമിക്കും. സ്വകാര്യ മേഖലയിലെ പേ ടിഎം, എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് എന്നിവ വിപണിയെ മുകളില്‍ നിന്നും കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ അടിത്തട്ടില്‍നിന്നും സ്വാധീനിക്കുന്നതിനാണ് ഇന്ത്യാ പോസ്റ്റ് ശ്രമിക്കുന്നത്.

പോസ്റ്റ്മാനെ മൈക്രോ എ ടി എമ്മുകളുമായി അയക്കുന്നത് ഗ്രാമീണ മേഖലയെയും അര്‍ദ്ധ നഗര പ്രദേശങ്ങളെയും ലക്ഷ്യമാക്കിയാണ്. ഇന്ത്യയില്‍ ഒരു ഗ്രാമപ്രദേശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമടുത്തുള്ള ഒരു ബാങ്കിന്റെ ശാഖ 10-25 കിലോമീറ്റര്‍ അകലെയായിരിക്കും.

ഇവിടെയാണ് ശക്തമായൊരു ശ്രുംഖലയുള്ള ഇന്ത്യ പോസ്റ്റിനു ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളെയും ഇന്ത്യ പോസ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
വിവിധ സേവനങ്ങള്‍ക്കുള്ള തുകകള്‍ അടയ്ക്കുന്നതില്‍ സ്വന്തമായി ആപ്പുകള്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് മൈക്രോ എടിഎമ്മുകളുമായി പോകുന്ന പോസ്റ്റ്മാന്‍മാരെ സമീപിക്കാം.

പേമെന്റ് ബാങ്കിന് പ്രത്യേക ശാഖകള്‍ തുടങ്ങാന്‍ ഇന്ത്യാ പോസ്റ്റ് നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും നിലവിലുള്ള 1.55 ലക്ഷം പോസ്റ്റ് ഓഫിസുകളെയും 3 ലക്ഷം ജീവനക്കാരെയും ഇതിനായി ഉപയോഗപ്പെടുത്താനാണ് നീക്കം.

Loading...